2011, നവംബർ 3, വ്യാഴാഴ്‌ച










അങ്ങിനെ ത്യാഗത്തിന്റെ സ്മരണയില്‍ ഇതാ മറ്റൊരു ഈദ് കൂടി വന്നെത്തി..കൂട്ടുകാര്‍ പേടിക്കണ്ട നീട്ടി വലിച്ചെഴുതി ബോറടിപ്പിക്കുന്നില്ല ഇത്തവണ നിങ്ങളുടെപാവം പ്രവാസി..വളരെ ചുരുക്കി പറയാം..
 ഈദുൽ അദ് ഹ അഥവാ ബലി പെരുന്നാൾ മലയാളത്തിൽ വലിയ പെരുന്നാൾ എന്നുമറിയപ്പെടുന്നു. പ്രവാചകനായഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മാഇൽ നെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനും ബലി പെരുന്നാൾ എന്ന് പേരു വന്നത്.

ഇബ്രാഹിം നബിയുടെ വിശ്വാസത്തെ "മില്ലത്തെ ഇബ്രാഹിം"(ഇബ്രാഹിംമാർഗ്ഗം) എന്നാണ്‌ ഖുർ‌ആനിൽ പറയുന്നത്. ഇബ്രാഹിം നബിയും അദ്ദേഹത്തിന്റെ പുത്രൻ ഇസ്മയിൽ നബിയും ചേർന്നാണ്‌ മക്കയിലെ ക‌അബാലയം പണിതീർത്തത് എന്ന് ഖുർ‌ആൻ പറയുന്നു (അദ്ധ്യായം 2,വചനം:125). ഇസ്ലാമിലെ പഞ്ചസ്തംബങ്ങളിൽ അവസാനത്തെതായ ഹജ്ജ് കർമ്മത്തിലും(മക്കയിലേക്കും വിശുദ്ധ പള്ളിയായ മസ്ജിദുൽ ഹറമിലേക്കുമുള്ള തീർത്ഥാടനം) ഇബ്രാഹിം നബിയുടെ പങ്ക് സുപ്രധാനമാണ്‌. ഹജ്ജിന്റെ സുപ്രധാന ഭാഗം, ഇബ്രാഹിം നബിയോട് തന്റെ പ്രഥമ പുത്രനെ ബലിയർപ്പിക്കാൻ അല്ലാഹു (ദൈവം) പരീക്ഷണാർത്ഥം കല്പിപ്പിച്ചതിന്റെ സ്മരണ അയവിറക്കുന്നതാണ്‌. ഇതു കൂടാതെ പിശാച്, ഇബ്രാഹിം നബിയെ മൂന്നു വട്ടം ദൈവമാർഗ്ഗത്തിൽ നിന്ന് വഴിതെറ്റിക്കാൻ നടത്തിയ ശ്രമത്തെയും സ്മരിക്കുന്നു. ഇബ്രഹിമിനെ പിന്തിരിപ്പിക്കാൻ പിശാച് പ്രത്യക്ഷപ്പെട്ട ഈ സ്ഥലങ്ങളിലെ പ്രതീകാത്മകമായ മൂന്ന് തൂണുകളിൽ ഹജ്ജിന്റെ സമയത്ത് വിശ്വാസികൾ കല്ലെറിയുന്നു.ഇതിനെല്ലാമുപരിയായി ഇബ്രാഹിം നബിയുടെ ഭാര്യ ഹാജറ അനുഭവിച്ച ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും സ്മരണയാണ്‌ ഹജ്ജിന്റെ ഒരു ഭാഗം. മരുഭൂമിയിൽ ദാഹിച്ച് മരണത്തോടടുത്ത തന്റെ പൈതൽ ഇസ്മായിലിനായി വെള്ളം തേടി ഇബ്രാഹിം പത്നി ഹാജറ, "സഫ" , "മർ‌വ" എന്നീ മലഞ്ചെരുവുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടിനടന്ന സംഭവത്തെ ഓർക്കുന്നതാണിത്. ഹജ്ജിലെ നിർബന്ധമായ ഈ കർമ്മത്തെ "സ‌അയ്" (തേടൽ ,അന്വേഷിക്കൽ) എന്നാണ്‌ പറയുക. മർ‌വ എന്ന മലയിൽ നാലാമത്തെ പ്രാവശ്യം എത്തിയപ്പോൾ (രണ്ട് മലകൾക്കിടയിൽ ഏഴുപ്രാവശ്യം പൂർത്തിയാവുമ്പോൾ) ജിബ്‌രീൽ (ഗബ്രിയേൽ) മാലാഖ ഇസ്മയിലിനെ തണലിട്ട് നിൽക്കുന്നതും തന്റെ കുഞ്ഞുപൈതൽ ഇസ്മയിൽ കര‍ഞ്ഞ് കാലിട്ടടിച്ച സ്ഥലത്ത് നിന്ന് ഔരു നീരുറവ വരുന്നതും അവർ കണ്ടു. വരണ്ടുണങ്ങിയ മരുഭൂമിയിലെ ഈ നീരുറവയാണ്‌ അവിടെ ജനങ്ങൾ വന്ന് വാസമുറപ്പിക്കാനും അങ്ങനെ അത് മക്ക എന്ന പട്ടണത്തിന്റെ ഉത്ഭവത്തിനും നിദാനമായത്. "സംസം" എന്ന പേരിലറിയപ്പെടുന്ന ഈ നീരുറവ ഈ സംഭവം നടന്നു നിരവധി നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഇന്നും നിലയ്ക്കാതെ തുടരുന്നു.മുസ്‌ലിംകൾ നിത്യവും അഞ്ചു സമയം നടത്തുന്ന പ്രാർത്ഥനയിലും ഇബ്രാഹിം നബിയുടെ പ്രധാന്യം ദർശിക്കാനാവും. മുഹമ്മദ് നബിയെ കൂടാതെ ഒരോ സമയത്തെ നമസ്കാരത്തിലും നാലുപ്രാവശ്യം പരാമർശിക്കപ്പെടുന്ന മറ്റൊരു പ്രവാചകൻ ഇബ്രാഹിം മാത്രമാണ്‌.പ്രവാചകന്‌ രക്ഷയും സമാധാനവും നൽകണമേ എന്ന ദൈവത്തോടുള്ള പ്രാർത്ഥനാസമയത്താണിത്.

ഇതൊക്കെയാണ് ബലിപെരുന്നാള്‍ അധവാ വലിയപെരുന്നാള്‍ അധവാ ഈദുൽ അദ്‌ഹയുടെ ഓര്‍മകള്‍...  എന്താ പറഞ്ഞപോലെ വളരെ ചുരുക്കി അല്ലേ എഴുതയത്‌..? ത്യാഗത്തിന്റെ സ്മരണയില്‍ എല്ലാ പ്രിയ കൂട്ടുകാര്‍ക്കും പാവം പാവം പ്രവാസിയുടെ വലിയപെരൂന്നാള്‍ ആശംസകള്‍..!!!